കേരളത്തില്‍ 5ജി സേവനങ്ങള്‍ ലോഞ്ച് ചെയ്തിട്ട് അധികമായില്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും 5ജിയെത്തി ഏറെ നാള്‍ കഴിഞ്ഞിട്ടാണ് കേരളത്തില്‍ 5ജി സേവനങ്ങള്‍ അവതരിപ്പിച്ചത്.
കേരളത്തിലെ പല നഗരങ്ങളിലും 5ജി നെറ്റ്വര്‍ക്കുകള്‍ ലോഞ്ച് ചെയ്തതായി ടെലിക്കോം കമ്ബനികള്‍ പറയുന്നുമുണ്ട്. റിലയന്‍സ് ജിയോയും എയര്‍ടെലുമാണ് 5ജി സേവനങ്ങള്‍ നല്‍കുന്നതെന്ന് അറിയാമല്ലോ. കേരളത്തില്‍ തങ്ങളുടെ 5ജി സേവനങ്ങള്‍ ലഭ്യമാകുന്ന നഗരങ്ങളുടെ പട്ടിക കമ്ബനികളുടെ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. എന്നാല്‍ കേരളത്തില്‍ എവിടെയെല്ലാം യഥാര്‍ഥത്തില്‍ 5G കിട്ടുമെന്നും ആര്‍ക്കൊക്കെ ഇത് വരെ 5ജി ആക്സസ് ലഭ്യമായെന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടത് യൂസേഴ്സില്‍ നിന്നുമാണ്.
റിലയന്‍സ് ജിയോയുടെ ട്രൂ 5G ലഭിക്കുന്ന കേരള നഗരങ്ങള്‍
റിലയന്‍സ് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം കേരളത്തിലെ 12 നഗരങ്ങളിലാണ് കമ്ബനിയുടെ ട്രൂ 5ജി നെറ്റ്വര്‍ക്കുകള്‍ ലഭിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ആലപ്പുഴയിലെ ചേര്‍ത്തല, കോട്ടയം, കൊച്ചി, തൃശൂര്‍, ഗുരുവായൂര്‍ ക്ഷേത്ര പരിസരം, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ജിയോ നിലവില്‍ 5ജി സര്‍വീസ് നല്‍കുന്നത്. കാസര്‍കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും കൂടി മാത്രമാണ് ഇനി ജിയോയുടെ 5ജി സേവനങ്ങള്‍ എത്താനുള്ളത്. 5ജി നെറ്റ്വര്‍ക്കുകള്‍ എത്തിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതൊക്കെ നഗര കേന്ദ്രങ്ങളില്‍ മാത്രമായിരിക്കാനാണ് സാധ്യത. വിടവുകളില്ലാത്ത 5ജി നെറ്റ്വര്‍ക്കിന് ഇനിയും ഏറെ കാലമെടുക്കും.
രാജ്യത്ത് 5ജി വ്യാപനത്തില്‍ എയര്‍ടെലിനെക്കാളും ഏറെ മുന്നിലാണ് റിലയന്‍സ് ജിയോ. 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 257 ഇടങ്ങളിലാണ് റിലയന്‍സ് ജിയോ ട്രൂ 5ജി സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്. ഇന്ത്യയിൽ ആദ്യമായി 5ജി നെറ്റ്വര്‍ക്കുകള്‍ അവതരിപ്പിച്ച ഭാരതി എയര്‍ടെലിനെ കടത്തിവെട്ടിയാണ് ജിയോയുടെ കുതിപ്പ്. കാര്യങ്ങള്‍ ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍. രാജ്യമെമ്ബാടും 5ജി എത്തിക്കുന്നതിലും എയര്‍ടെലിനെ മറി കടന്ന് ജിയോ മുന്നിലെത്തും.
എയര്‍ടെലിന്റെ 5ജി പ്ലസ് കവറേജുള്ള കേരള നഗരങ്ങള്‍
5ജി കവറേജിലും നെറ്റ്വര്‍ക്ക് വ്യാപനത്തിലുമൊക്കെ എയര്‍ടെല്‍ ഇപ്പോള്‍ തന്നെ ജിയോയ്ക്ക് ഏറെ പിന്നിലാണ്. കേരളത്തിലെ 5ജി നെറ്റ്വര്‍ക്കുകളുടെ കാര്യത്തിലും സമാനമായരീതിയിൽ കാണാന്‍ കഴിയും. ആകെ നാല് നഗരങ്ങളില്‍ മാത്രമാണ് നിലവില്‍ കേരളത്തില്‍ എയര്‍ടെല്‍ 5ജി പ്ലസ് സേവനം ലഭ്യമാകുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍ എന്നീ നഗരങ്ങളിലാണ് എയര്‍ടെല്‍ 5ജി സര്‍വീസ് എത്തിയിട്ടുള്ളത്. ദേശീയ തലത്തിലും 5ജി നെറ്റ്വര്‍ക്കുകള്‍ അവതരിപ്പിക്കുന്നതില്‍ എയര്‍ടെലിന്റെ ഭാഗത്ത് നിന്നൊരു വേഗതക്കുറവ് ഉണ്ട്. രാജ്യത്താകെ 257 സ്ഥലങ്ങളില്‍ ജിയോ 5ജി ലഭിക്കുമ്ബോള്‍ 65ല്‍ പുറത്ത് സ്ഥലങ്ങളില്‍ മാത്രമാണ് എയര്‍ടെല്‍ 5ജി ലഭിക്കുന്നത്.
ജിയോയും എയര്‍ടെലും
ജിയോയുടെയും എയര്‍ടെലിന്റെയും 5ജി സേവനങ്ങള്‍ യൂസ് ചെയ്യാന്‍ പുതിയ സിം കാര്‍ഡ് വാങ്ങേണ്ടതില്ലെന്ന് യൂസേഴ്സിന് അറിയാമല്ലോ. ജിയോ നല്‍കുന്നത് സ്റ്റാന്‍ഡ് ഏലോണ്‍ 5ജി നെറ്റ്വര്‍ക്കാണ്. എസ്‌എ നെറ്റ്വര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന ( സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ലഭിച്ചെന്നും ഉറപ്പ് വരുത്തുക ) സ്മാര്‍ട്ട്ഫോണുകളാണ് കൈവശം ഉള്ളതെന്നും ഉറപ്പിക്കുക. എയര്‍ടെല്‍ വിന്യസിക്കുന്നത് നോണ്‍ സ്റ്റാന്‍ഡ് എലോണ്‍ 5ജി നെറ്റ്വര്‍ക്കുകളുമാണ്. മിക്കവാറും 5ജി ഡിവൈസുകളിലും നോണ്‍ സ്റ്റാന്‍ഡ് എലോണ്‍ നെറ്റ്വര്‍ക്കുകള്‍ക്ക് സപ്പോര്‍ട്ട് ലഭിക്കും.
ജിയോ വെല്‍ക്കം ഓഫര്‍
പലപ്പോഴായി പറഞ്ഞ കാര്യം തന്നെയാണ്, ജിയോ 5ജി ആക്സസ് ലഭിക്കണമെങ്കില്‍ നിങ്ങളുടെ മൈജിയോ ആപ്പിലൂടെ വെല്‍ക്കം ഓഫര്‍ ലഭിക്കേണ്ടതുണ്ട്. നിലവിലുള്ള 4ജി ഡാറ്റ പാക്കുകള്‍ക്കൊപ്പം തന്നെയാണ് ജിയോ വെല്‍ക്കം ഓഫര്‍ വരുന്നത്. 1 ജിബിപിഎസ് വരെയാണ് നിലവില്‍ ലഭ്യമാകുന്ന ഡാറ്റ സ്പീഡ്. 239 രൂപയും അതിനും മുകളിലുമുള്ള പ്ലാനുകള്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്തിരിക്കണം. പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് കണക്ഷനുകള്‍ക്കും ഈ നിബന്ധന ബാധകമാണ്. 239 രൂപയില്‍ താഴെയുള്ള പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്ക് ആയി 61 രൂപ റീചാര്‍ജിലൂടെയും 5ജി ഡാറ്റ ലഭ്യമാകാനുള്ള അവസരം ജിയോ ഒരുക്കിയിട്ടുണ്ട് നിങ്ങളുടെ മേഖലയില്‍ ലഭ്യമാകുന്ന 5ജി നെറ്റ്വര്‍ക്കിന്റെ ശേഷിയും കവറേജും അനുസരിച്ചായിരിക്കും ജിയോ 5ജി സര്‍വീസിന്റെ ആക്റ്റിവേഷന്‍.